Breaking News

Trending right now:
Description
 
Nov 02, 2018

റോഡില്‍ ബ്ലിങ്കിംഗ് ലൈറ്റല്ല വേണ്ടത്, അപകട കാരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് ചെയ്യേണ്ടത്

image
ആലപ്പുഴ: റോഡപകടങ്ങള്‍ വര്‍ധിക്കുമ്പോള്‍ അപകട മേഖല എന്നൊരു ബോര്‍ഡ് എഴുതിവച്ചോ ബ്ലിങ്കിംഗ് ലൈറ്റ് (ഒന്നിടവിട്ടു പ്രകാശിക്കുകയും മായുകയും ചെയ്യുന്ന) സ്ഥാപിച്ചോ ഉത്തരവാദിത്തം ഡ്രൈവര്‍മാരിലേക്കു കൈയൊഴിയാതെ അപകടകാരണങ്ങള്‍ കണ്ടെത്തി പൂര്‍ണമായും ഒഴിവാക്കുകയാണ് ആത്മാര്‍ഥതയുള്ള അധികൃതര്‍ ചെയ്യേണ്ടതെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) ചൂണ്ടിക്കാട്ടി. അല്ലാതെ ഉടനെ അസംഘടിതരും ഒറ്റതിരിഞ്ഞെത്തുന്നവരുമായ ഇരുചക്രവാഹന യാത്രക്കാര്‍ക്കു മാത്രം നിയമം കര്‍ശനമാക്കി ഹെല്‍മറ്റ് വേട്ട നടത്തി വഴിയില്‍ തടഞ്ഞു നിര്‍ത്തി പിഴ ഈടാക്കുകയല്ല ചെയ്യേണ്ടത്. എപ്പോഴെങ്കിലും ഉണ്ടാകാനിടയുള്ള അപകടത്തിന്റെ പേരില്‍ പേടിപ്പിച്ച് മുന്‍കൂര്‍ ശിക്ഷ വിധിച്ച് ഉടന്‍ പിഴ ഈടാക്കുന്നത് പ്രാകൃതമാണ്. ഇരുചക്രവാഹന യാത്രക്കാര്‍ മാത്രമല്ല അപകടത്തില്‍പ്പെടുന്നത്. സ്ഥാപിക്കുന്ന മുന്നറിയിപ്പു ബോര്‍ഡുകള്‍, വഴി അപകടരഹിതമാക്കി സുഗമമാക്കിയ ശേഷം മാറ്റിയ ചരിത്രമില്ലെന്നുള്ളതു തന്നെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വെളിവാക്കും.

പട്ടണത്തില്‍ അനേകയിടങ്ങളില്‍ അപകടസാധ്യത കൂടിയ മേഖലകളില്‍ മഞ്ഞ ബ്ലിങ്കിംഗ് ലൈറ്റുകള്‍ അനേക വര്‍ഷങ്ങളായി സ്ഥാപിച്ചുണ്ടെങ്കിലും അപകട കാരണങ്ങള്‍ കണ്ടെത്താനോ അവ ഒഴിവാക്കാനോ ചെറുവിരല്‍ അനക്കിയിട്ടില്ല. അപകടമേഖലകളില്‍ അപകടങ്ങള്‍ക്കു ഏറെ വഴിവെക്കുന്ന റോഡ്, നടപ്പാത അനധികൃത കെയേറ്റങ്ങള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. ലൈറ്റ്‌പോസ്റ്റുകള്‍ തൂണുകളാക്കി വഴിയോരവാണിഭത്തിന്റെയും തട്ടുകടകളുടെയും മേല്‍ക്കൂര സ്ഥാപിച്ചിട്ടുള്ളയിടങ്ങള്‍ പോലുമുണ്ട്! ബോര്‍ഡുകളും ബാനറുകളും തോരണങ്ങളും സ്ഥാപിക്കാന്‍ മറ്റൊരിടം കൂടിയായി എന്നേയുള്ളു. മുന്നറിയിപ്പു ബോര്‍ഡുകളും തൂണുകളും പോലും വണ്ടിയിടിച്ചു തകരുന്നു.

അപകടമേഖലകളില്‍ ധാരാളമായുള്ള അനധികൃത കടകള്‍ കൂടിയാകുമ്പോള്‍ വാഹനങ്ങള്‍ നിറുത്തിയിടുന്നതും ആള്‍ക്കാര്‍ നില്ക്കുന്നതും റോഡിലാകും. തിരക്കേറിയ റോഡിലൂടെ തന്നെ കാല്‍നടക്കാര്‍ക്കു സഞ്ചരിക്കേണ്ടിയും വരും. റോഡില്‍ മേശകളും കസേരകളും നിരത്തിയ തട്ടുകടകളുടെ എണ്ണം കൂടുന്തോറും അതുമൂലമുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ സംഘടിത മുഷ്ടിബല പിന്തുണയുള്ളതിനാല്‍ പോലീസും ഒഴിപ്പിക്കേണ്ട അധികാരികളും എപ്പോഴും കണ്ണടയ്ക്കും. ഉദാഹരണത്തിന് ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ കൈതവന ഭാഗത്തെ വളവില്‍ വര്‍ഷങ്ങളായി ബ്ലിങ്കിംഗ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവിടെയുള്ള അനധികൃത കടകള്‍ നീക്കം ചെയ്തിട്ടില്ല. അവയുടെ മുന്നില്‍ പെട്ടെന്നു വാഹനങ്ങള്‍ നിര്‍ത്തുമ്പോള്‍ വേഗതയിലെത്തുന്ന മറ്റുവാഹനങ്ങള്‍ക്കു പെട്ടെന്നു വെട്ടിക്കേണ്ടി വരുന്നതിനാല്‍ പലപ്പോഴും കടകളിലേക്കും മതിലുകളിലേക്കും ഇടിച്ചുകയറാറുണ്ട്. ഇത്തരത്തിലുള്ള അപകടകാരണ വഴിവാണിഭക്കാരുടെ എണ്ണം കൂടുകയാണ്.

ബ്ലിങ്കിംഗ് ലൈറ്റുകള്‍ക്കു പകരം പ്രകാശമുള്ള സ്ട്രീറ്റ് ലെറ്റുകള്‍ സ്ഥാപിച്ചാല്‍ അത്രയെങ്കിലും വാഹനഗതാഗതത്തിന് ഉപകാരമാകും. റോഡിനു വീതി കുറഞ്ഞയിടങ്ങളിലും ഇടുങ്ങിയ പാലങ്ങളുടെ സമീപവും സ്ഥാപിച്ചിരിക്കുന്ന ചുവന്ന മുന്നറിയിപ്പു ലൈറ്റുകള്‍ക്കു പകരവും സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കണം. ഇരുട്ടില്‍ ഓടി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കു ഇടുങ്ങിയ പാലങ്ങളും മറ്റും മുന്‍കൂട്ടി അറിയാനുള്ള സംവിധാനമാണ് ഒരുക്കേണ്ടത്. രാത്രിയില്‍ കലുങ്കുകളും മറ്റും തിരിച്ചറിയാന്‍ മാര്‍ഗമില്ല. വളവില്ലാതെ നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡുകളിലെ തുടര്‍ച്ചയായുള്ള ചുവന്ന ലൈറ്റ് ഡ്രൈവര്‍മാരുടെ കണ്ണിന് അസ്വാസ്ഥ്യമുണ്ടാക്കുകയും ചെയ്യും.