Breaking News

Trending right now:
Description
 
Oct 15, 2018

ലിസ ഓട്ടിസം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കോതനല്ലൂരില്‍; ഉദ്ഘാടനം 19ന്

image
കോട്ടയം: ഓട്ടിസം കുട്ടികള്‍ക്ക് വേണ്ടി കോട്ടയത്ത് കോതനല്ലൂരില്‍ ആരംഭിക്കുന്ന 'ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ്  ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്  ഓട്ടിസം'(ലിസ) ഒക്‌ടോബര്‍ 19ന് പ്രവര്‍ത്തനമാരംഭിക്കും. ഓട്ടിസം കുട്ടികള്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂള്‍ 19ന് വൈകിട്ട് നാലിന് മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മുന്‍ പി. എസ്. സി. ചെയര്‍മാന്‍ ഡോ. കെ. എസ.് രാധാകൃഷ്ണന്‍ അധ്യക്ഷനായിരിക്കും.  

വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ മൂന്ന് ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് ഓട്ടിസം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സാബു തോമസ് ചെയര്‍മാനും വിദ്യാഭ്യാസ വിദഗ്ധനായ ജലീഷ് പീറ്റര്‍ സെക്രട്ടറിയും യുവസംരഭക മിനു ഏലിയാസ് ട്രഷററുമായ സൊസൈറ്റിയാണ്  ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുക. കോട്ടയം ജില്ലയിലെ കോതനല്ലൂരില്‍ രണ്ടര ഏക്കറിലാണ് ക്യാമ്പസ് ഒരുക്കിയിരിക്കുന്നത്. ലാറി ബേക്കര്‍ രീതിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ നിലവില്‍ 50  കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യമുണ്ട്. ഒരു ക്ലാസ്സില്‍ അഞ്ച് കുട്ടികള്‍ എന്ന രീതിയിലാണ് അധ്യയനം ക്രമീകരിച്ചിരിക്കുന്നത്. റസിഡന്‍ഷ്യല്‍ സിസ്റ്റം ആരംഭിക്കാനുള്ള സൗകര്യങ്ങളും ക്യാമ്പസിലുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതല്‍ റസിഡന്‍ഷ്യല്‍ സിസ്റ്റം ആരംഭിക്കുവാന്‍ പദ്ധതിയുണ്ട്. വിദ്യാര്‍ഥികളില്‍ സമഗ്രമായ അസസ്‌മെന്റ് നടത്തി വികസനാത്മകമായ മൂല്യനിര്‍ണയത്തിലൂടെ 'ലിസ' ലക്ഷ്യത്തിലേക്ക് എത്തുമെന്ന് ചെയര്‍മാന്‍ സാബു തോമസ് പറഞ്ഞു. വ്യക്തിഗതവും ഘടനാപരവുമായ പാഠ്യപദ്ധതി, കുടുംബ വിദ്യാഭ്യാസം, സ്വയം പര്യാപ്തത കൈവരിക്കാനുള്ള ജീവിത കഴിവുകള്‍ വളര്‍ത്തുക,  ഔപചാരിക വിദ്യാഭ്യാസമോ തൊഴിലോ നേടാന്‍ കുട്ടികളെ പര്യാപ്തരാക്കുക,  പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സഹായം നല്‍കുക എന്നിവയ്‌ക്കൊപ്പം ഓട്ടിസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ഗവേഷണവും നടത്തുമെന്നും സാബു തോമസ് പറഞ്ഞു.

പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ എത്തുന്നതോടെ ഓട്ടിസം കുട്ടികള്‍ക്ക് പുനരധിവാസം ഉറപ്പാക്കുകയും അവരെ മുഖ്യധാരയിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായി 'ലിസ' മാറുമെന്ന് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സെക്രട്ടറി ജലീഷ് പീറ്റര്‍ പറഞ്ഞു. നാല് മുതല്‍ 16 വയസ് വരെ പ്രായത്തിലുള്ള 50 കുട്ടികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും വിധത്തിലാണ് ലിസ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്പീച്ച് തെറാപ്പി, ഒക്ക്യുപ്പേഷണല്‍ തെറാപ്പി, ഫിസിയോ തെറാപ്പി, സെന്‍സറി ഇന്റഗ്രേഷന്‍, മ്യൂസിക് തെറാപ്പി, സോഷ്യല്‍സ്‌കില്‍ തെറാപ്പി, പ്ലേ തെറാപ്പി, യോഗ, അപ്ലൈഡ ബിഹേവിയറല്‍ തെറാപ്പി, ഹൈഡ്രോ തെറാപ്പി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, ജലീഷ് പീറ്റര്‍ പറഞ്ഞു.

നിരീക്ഷണ ക്യാമറകള്‍ സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്.  പഠനസഹായത്തിനും രക്ഷിതാക്കള്‍ക്ക് കുട്ടികളെ നിരീക്ഷിക്കാനുമായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. 'ലിസ'യിലെ അധ്യാപകര്‍ക്കും പരിശീലകര്‍ക്കും മികച്ച പരിശീലനം ലഭ്യമാക്കാനായി അമേരിക്കയിലെയും യു. കെയിലെയും പ്രമുഖ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ഭാവിയില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലും ഓട്ടിസം കുട്ടികള്‍ക്കായി   ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ട്രഷറര്‍ മിനു ഏലിയാസ് പറഞ്ഞു.

For more details contact: Jaleesh - 9447123075