Breaking News

Trending right now:
Description
 
Sep 17, 2018

കെടിടിഎയുടെ ക്രമവിരുദ്ധമായ നടപടികള്‍: കക്ഷികളെ കേട്ട് നിയമപ്രകാരം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

image ആലപ്പുഴ: കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്റെ (കെടിടിഎ) ക്രമവിരുദ്ധമായ നടപടികളെക്കുറിച്ചുള്ള പരാതികളിലെ കക്ഷികളെ നേരിട്ടു കേട്ടു രണ്ട് ആഴ്ചയ്ക്കകം നിയമപ്രകാരം ഔചിത്യപൂര്‍വമായ തീരുമാനമെടുക്കാന്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനോടു ഹൈക്കോടതി ഉത്തരവിട്ടു.

നിയമപ്രകാരമുള്ള ഒരു നടപടിയും സ്വീകരിക്കാതെ ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തി ഒന്‍പതു പേരെ സ്വേച്ഛാപരമായി പുതുതായി നോമിനേറ്റ് ചെയ്തതിനെയും നിലവിലുള്ള ഭാരവാഹികള്‍ക്കും വെറ്ററന്‍സ് അസോസിയേഷനും അധിക വോട്ടവകാശം നല്കിയതിനെയും മറ്റും ചോദ്യം ചെയ്തും വിവിധ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയും ആലപ്പുഴ, തിരുവനന്തപുരം, തൃശൂര്‍ ജില്ലാ ടേബിള്‍ ടെന്നിസ് അസോസിയേഷനുകളും ചില കളിക്കാരും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. പരാതികള്‍ വ്യക്തമാക്കി ഹര്‍ജിക്കാര്‍ നേരത്തേ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു നിവേദനങ്ങള്‍ നല്കിയിരുന്നുവെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല.

കേരള സര്‍ക്കാരിലെ സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറേക്കാള്‍ താഴെയല്ലാത്ത റാങ്കുള്ള ഉദ്യോഗസ്ഥന്‍ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഹര്‍ജികളിലെ കക്ഷികള്‍ നേരിട്ടോ പ്രതിനിധികള്‍ മുഖേനയോ അവതരിപ്പിക്കുന്ന പരാതികള്‍ എല്ലാം പരിഗണിക്കണം. ഇതിനായി കക്ഷികളെല്ലാം 2018 സെപ്റ്റംബര്‍ 18-നു സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഹാജരാകണം. ഭാരവാഹികളുടെയും നോമിനേറ്റ് ചെയ്യപ്പെട്ടവരുടെയും വോട്ടവകാശം തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ അക്കാര്യത്തില്‍ തെരഞ്ഞെടുപ്പിനു മുന്‍പ് നിയമപ്രകാരം തന്നെ പരിഹാരം കണ്ടെത്തണമെന്നു ഹൈക്കോടതി സൂചിപ്പിച്ചു. വ്യക്തമായ തീരുമാന പ്രകാരം മാത്രമേ കെ.ടി.ടി.എയിലേക്കുള്ള തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാവൂ. ഹൈക്കോടതിയുടെ ചില ഇടക്കാല ഉത്തരവുകള്‍ കാരണം തെരഞ്ഞെടുപ്പ് തത്കാലം നിറുത്തിവച്ചിരിക്കുകയാണ്.

വാദവിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നിലപാട് കണക്കിലെടുക്കണമെന്ന് ഹൈക്കോടതി എടുത്തുകാട്ടിയിട്ടുണ്ട്. നിയമത്തിലെ നിബന്ധനകള്‍ പ്രകാരം പരാതി പരിഹാര കമ്മീഷന്‍ എന്ന സംവിധാനം വിവക്ഷിച്ചിട്ടുണ്ടെങ്കിലും അതു നടപ്പിലാക്കിയിട്ടില്ലെന്നു ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. അക്കാര്യവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിഗണിക്കണം.

കെടിടിഎയുടെ നിഷ്‌ക്രിയത്വവും കെടുകാര്യസ്ഥതയും അനേകം നിയമലംഘനങ്ങളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍. നിലവിലുള്ള ഭരണസമിതിക്ക് അടുത്ത തെരഞ്ഞെടുപ്പിലും മേല്‍ക്കോയ്മ ലഭിക്കും വിധത്തില്‍ സ്വാഭാവിക നീതിക്കു നിരക്കാത്ത വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തും നിലവിലുള്ള ഭാരവാഹികള്‍ക്കു അധിക വോട്ടവകാശം നല്കിയും സ്വേച്ഛാപരമായി തെരഞ്ഞെടുപ്പു നടത്തുന്നതിനെയാണ് ഹര്‍ജികളില്‍ ചോദ്യം ചെയ്തിരുന്നത്. അടുത്ത നാലുവര്‍ഷമാണ് പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയുടെ കാലാവധി.

സംസ്ഥാന അസോസിയേഷനില്‍ അംഗത്വത്തിന്റെ 15 ശതമാനം ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കായി നീക്കിവയ്ക്കണമെന്ന സ്‌പോര്‍ട്‌സ് നിയമത്തിലെ ഭേദഗതി മറയാക്കി ഒന്‍പതു പേരെയാണ് നിലവിലുള്ള ഭരണസമിതി വോട്ടവകാശത്തോടെ നോമിനേറ്റ് ചെയ്തിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളത്. സുതാര്യവും ജനാധിപത്യപരമായും വേണം ഈ നോമിനേഷന്‍ നടത്തേണ്ടതെന്നു ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ 14 ജില്ലാ അസോസിയേഷനുകളില്‍ നിന്നെത്തുന്ന 42 പേരുടെ 15 ശതമാനം ആറു പേര്‍ മാത്രമാണ്. ജില്ലാതല അസോസിയേഷനുകളില്‍ നിന്നെത്തുന്ന മൂന്നു വീതം പ്രതിനിധികള്‍ക്കു മാത്രമാണ് വോട്ടവകാശം എന്നിരിക്കെ പിണിയാളുകളെ തിരുകിക്കയറ്റി വീണ്ടുമൊരു തവണ അധികാരം പിടിച്ചടക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നു ഹര്‍ജികളില്‍ വിശദീകരിച്ചു.

നിയമപ്രകാരം സംസ്ഥാന അസോസിയേഷനിലേക്കു വ്യക്തികള്‍ക്കോ ക്ലബുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വോട്ടവകാശമില്ല. ജില്ലാ അസോസിയേഷനുകളില്‍ നിന്നുള്ള മൂന്നു പ്രതിനിധികള്‍ക്കു മാത്രമാണ് തുല്യമായ വോട്ടുള്ളത്. നിയമപ്രകാരമല്ലാതെ അധികമായി നല്കിയിരിക്കുന്ന വോട്ടുകള്‍ നോമിനേഷന്‍ നടത്തിയവര്‍ക്ക് അനുകൂലമായി മാറ്റിയെടുക്കാന്‍ സാധിക്കുമെന്നാണ് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇങ്ങനെ വരുമ്പോള്‍ ജില്ലകളില്‍ നിന്നുള്ള യഥാര്‍ഥ 42 വോട്ടര്‍മാര്‍ക്കൊപ്പം 15 അധിക വോട്ടു കൂടിയാകും. വ്യക്തവും സ്വാഭാവിക നീതിക്കനുസരിച്ചും തെരഞ്ഞെടുപ്പ് നടത്താന്‍ സംവിധാനം ഒരുക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം.

കൂടാതെ ചട്ടം അനുവദിക്കാത്ത വെറ്ററന്‍സ് അസോസിയേഷനും കൂടാതെ നിയമവിരുദ്ധമായ പ്രയോജനമുണ്ടാക്കുന്നതിനു നിലവിലുള്ള പ്രസിഡന്റിനും സെക്രട്ടറിക്കും ട്രഷററിനും കൂടി അധിക വോട്ടവകാശം നല്കിയിരിക്കുന്നു. ഇതിലൂടെ നിലവിലുള്ള ഭരണസമിതിയുടെ നിയന്ത്രണത്തില്‍ മാത്രമാകും തെരഞ്ഞെടുപ്പ്. തുല്യ പ്രാതിനിധ്യമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. ന്യായമായ വോട്ടിംഗ് നടപടിക്രമം നിഷേധിച്ച് ഇങ്ങനെ തന്നെ നിലവിലുളള ഭരണസമിതിക്കു അനേകം വോട്ടുകള്‍ അനുകൂലമായി ഉറപ്പാക്കിയെടുക്കാനാകുമെന്നു ഹൈക്കോടതിയെ ബോധിപ്പിച്ചു.

അപേക്ഷ ക്ഷണിക്കാതെയാണ് യോഗ്യതയും അര്‍ഹതയും ഇല്ലാത്തവരെ ഏതാനും പേര്‍ മാത്രം പങ്കെടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്വേച്ഛയാ നോമിനേറ്റ് ചെയ്തതെന്നു ഹര്‍ജികളില്‍ പറയുന്നു. ഇങ്ങനെയുള്ള നടപടികള്‍ക്ക് ജനറല്‍ ബോഡി മീറ്റിംഗിനാണ് അധികാരമെന്നിരിക്കെയാണ് പുറംവാതിലിലൂടെയുള്ള തിരുകിക്കയറ്റല്‍. അസോസിയേഷനുകളുടെ പ്രധാന നടപടികള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സേര്‍വര്‍ ഹാജരായിരിക്കണമെന്നു ചട്ടമുണ്ട്. ഇക്കാര്യത്തില്‍ അതും പാലിച്ചിട്ടില്ല. 

കെടിടിഎ ചട്ടങ്ങളുടെ ഭേദഗതി ബൈലോയില്‍ ഉള്‍പ്പെടുത്തുകയോ നിയമപ്രകാരം സൊസൈറ്റി രജിസ്ട്രാരെ രേഖാമൂലം അറിയിക്കുകയോ ചെയ്തിട്ടില്ല. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ ജൂണ്‍ 30-നു അവസാനിച്ചു. അതിനു മുന്‍പ് 15 ദിവസത്തെയെങ്കിലും മുന്‍കൂര്‍ നോട്ടീസ് നല്കി വേണം 2018-2022-ലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാന്‍. എന്നാല്‍ ഹര്‍ജികള്‍ സമര്‍പ്പിച്ച ജൂണ്‍ 18 വരെ അതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നില്ലെന്നു എടുത്തുകാട്ടിയിരുന്നു.

ഹൈക്കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് മുന്‍ തീയതി വച്ച് കെടിടിഎ ആനുവല്‍ ജനറല്‍ ബോഡി മീറ്റിംഗും തെരഞ്ഞെടുപ്പും ജൂലൈ 15-നു നടത്തുമെന്നുള്ള നോട്ടീസ് തപാലില്‍ അയച്ചുതുടങ്ങിയതും സ്വന്തം അഭിഭാഷകനെ തന്നെ റിട്ടേണിംഗ് ഓഫീസറായി നോമിനേറ്റ് ചെയ്തതും വാദവേളയില്‍ ഉന്നയിച്ചിരുന്നു. കോടതിയെ ധിക്കരിച്ചുള്ള കെടിടിഎയുടെ നടപടികളുടെ തെളിവുകള്‍ ഹര്‍ജിഭാഗം ബോധിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് നിറുത്തിവച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ്.


കെടിടിഎയ്ക്ക് എതിരായുള്ള ഹര്‍ജികള്‍:
കക്ഷികള്‍ ഹാജരാകണമെന്നു നോട്ടീസ്


ആലപ്പുഴ: കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്റെ (കെടിടിഎ) ക്രമവിരുദ്ധമായ നടപടികളെക്കുറിച്ചുള്ള പരാതികളിലെ കക്ഷികള്‍ 2018 സെപ്റ്റംബര്‍ 18-നു ചൊവ്വാഴ്ച രാവിലെ 10-നു തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഹാജരാകണമെന്നു സെക്രട്ടറി സഞ്ജയന്‍ കുമാര്‍ നോട്ടീസ് നല്കി. കക്ഷികളെ നേരിട്ടു കേട്ടു രണ്ട് ആഴ്ചയ്ക്കകം നിയമപ്രകാരം ഔചിത്യപൂര്‍വമായ തീരുമാനമെടുക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.

കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ സെക്രട്ടറി, തിരുവനന്തപുരം, ആലപ്പുഴ ജില്ലാ ടേബിള്‍ ടെന്നിസ് അസോസിയേഷനുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്കിയിട്ടുള്ളത്.