Breaking News

Trending right now:
Description
 
Sep 07, 2018

2019 -ലെ തെരഞ്ഞെടുപ്പ്​: പ്രതിപക്ഷത്തിന്റെ അവസാനത്തെ ബസ്​ - അരുണ്‍ ഷൂറി

കരൺ ഥാപ്പറും അരുണ്‍ ഷൂറിയും ‘ദ വയർ ’ സംഘടിപ്പിച്ച ചർച്ചയിൽ
image
2019 -ൽ വീണ്ടും നരേന്ദ്ര മോദി അധികാരത്തിലേറുകയാണെങ്കിൽ രാജ്യത്തെ ജനാധിപത്യാവകാശങ്ങളുടെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പി​​​​ന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തി​​​​ ന്റെയും അവസാനമായിരിക്കുമെന്ന്​ ബി.ജെ.പിയുടെ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന പത്രപ്രവർത്തകനുമായ അരുണ്‍ ഷൂറി. വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ എല്ലാ മണ്ഡലങ്ങളിലും ഒരൊറ്റ പൊതു സ്​ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രതിജ്​ഞ ചെയ്യണമെന്നും അരുൺ ഷൂറി ആവശ്യപ്പെട്ടു. പ്രമുഖ വെബ്​ സൈറ്റായ ‘ദ വയർ’ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കവെയാണ്​ ബി.ജെ.പിയു​ടെ മുൻ സഹയാത്രികനായ അരുൺ ഷൂറി ത​​​​ന്റെ അഭി​പ്രായം തുറന്നു പ്രകടിപ്പിച്ചത്​. മുതിർന്ന മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറാണ്​ നിറഞ്ഞ സദസ്സിനു മുമ്പിൽ അരുൺ ഷൂറിയുമായി അഭിമുഖം നടത്തിയത്​. വാജ്​​പേയ്​ മന്ത്രിസഭയിൽ വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ്​ കൈകാര്യം ചെയ്​തിരുന്നത്​ അരുൺ ഷൂറിയായിരുന്നു.

മോദിക്കെതിരായി അണിനിരത്താൻ പ്രതിപക്ഷത്ത്​ ആരുമില്ല എന്നതും,  പകരക്കാരനില്ലാത്ത നേതാവാണ്​ മോദി എന്നതും​ തെറ്റായ ഒരു വിശ്വാസം മാത്രമാണ്​. ചിലർ ചോദിക്കുന്നത്​ രാഹുൽ ഗാന്ധിയാണോ പകരക്കാരൻ, അതോ മമതാ ബാനർജിയോ..? എന്നാൽ അവർ മറന്നുപോകുന്നത്​ 1977-ൽ ആരായിരുന്നു ഇന്ദിരാ ഗാന്ധിക്ക്​ ബദൽ എന്ന ചരിത്രമാണ്​. 
ജഗ്​ജീവൻറാമോ, എച്​.എൻ. ബഹുഗുണയോ, ചരൺസി​ങ്ങോ അതോ മൊറാർജി ദേശായി ആയിരുന്നോ ഇന്ദിരാഗാന്ധിക്ക്​ പകരമായി വന്നത്​?

അടുത്തിടെ അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പെയിയെ ചിലർ നെഹ്റുവിനോട്​ ഉപമിക്കാറുണ്ട്​. 2004-ൽ അദ്ദേഹത്തിന്​ പകരം വന്നത്​ ആരായിരുന്നു...? സോണിയ ഗാന്ധിയായിരുന്നോ? ചിത്രത്തിൽ പോലുമില്ലാതിരുന്ന മൻമോഹൻ സിങ്ങാണ്​ പ്രധാനമന്ത്രിയായത്​. 

പ്രശ്​നങ്ങൾ പരിഹരിക്കാൻ നേതാക്കന്മാർക്ക്​ കഴിയാതാവുമ്പോൾ ജനങ്ങൾക്ക്​ അവരുടെതായ വഴിയുണ്ടെന്ന്​ മുൻ പ്രധാനമ​ന്ത്രി ചന്ദ്രശേഖരൻ പറഞ്ഞത്​ അരുൺ ഷൂറി ഉദ്ധരിച്ചു. അത്​ വെറുമൊരു അടിയായിരിക്കില്ല, കനത്ത ആഘാതമായിരിക്കുമെന്നും ഷൂറി പറഞ്ഞു.

പ്രതിപക്ഷത്തോടുള്ള നിർദേശമെന്താണ്​ എന്ന കരൺ ഥാപ്പറി​​​​ന്റെ ചോദ്യത്തോട്​ ഷൂറി പ്രതികരിച്ചതിങ്ങനെ...‘പഴയ വാദങ്ങളും തർക്കങ്ങളും ശത്രുതയുമൊക്കെ തൽക്കാലം ഉപേക്ഷിക്കുക. എല്ലാ മണ്ഡലത്തിലും ബി.ജെ.പിക്കെതിരെ പൊതു സ്​ഥാനാർത്ഥികളെ നിർത്തുക... കഴിഞ്ഞതൊക്കെ മറക്കുക. ഇതൊരു പ്രത്യേക സന്ദർഭമാണ്​. രാജ്യം മാത്രമല്ല നാശത്തിലേക്ക്​ നീങ്ങുന്നത്​, നിങ്ങൾ ഒാരോരുത്തരുമാണെന്ന്​ തിരിച്ചറിയണം. നിതീഷ്​ കുമാറും നവീൻപട്​നായിക്കും പോലുള്ള നേതാക്കൾ തിരിച്ചറിയണം. നിങ്ങളെ ഉപയോഗിച്ചു കഴിയുന്ന അതേ നിമിഷം തന്നെ മോദി നിങ്ങളെ ഇല്ലാതാക്കുമെന്ന്​. കഴിഞ്ഞതൊക്കെ മറക്കുക. ഞാൻ പറയുന്നു ഭാവിയെക്കുറിച്ചും മറന്നേക്കുക...ഇന്ന്​ ആർക്കൊപ്പം ആർക്കെതിരെ നിൽക്കണം എന്നു മാത്രം ഒാർക്കുക..’ അരുൺ ഷൂറി എടുത്തു പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ്​ ജയിക്കുന്നതെങ്കിൽ അത്​ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന്​ ഒാർക്കുക. പ്രതിപക്ഷ പാർട്ടികൾ ഒാർക്കേണ്ട രണ്ട്​ നമ്പറുകളുണ്ട്​. 31, 69. ജനപ്രീതിയുടെ പാരമ്യത്തിൽ നിന്ന സമയത്ത്​ മോദി നേടിയത്​ വെറും 31 ശതമാനം വോട്ടാണ്​. അതേസമയം, പ്രതിപക്ഷ കക്ഷികൾക്കെല്ലാം കൂടി കിട്ടിയത്​ 69 ശതമാനമാണെന്ന്​ മറക്കരുത്​. 2014-ലെ  ജനപ്രീതി ഇപ്പോൾ മോദിക്കില്ലെന്നുകൂടി ഒാർക്കണമെന്നും അരുൺ ഷൂറി മുന്നറിയിപ്പ്​ നൽകി.

​മറ്റൊരു കണക്കു കൂടി ഒാർമയിൽ​ വെക്കുക. മോദി നേടിയ 90 ശതമാനം സീറ്റുകളും മൂന്നു സംസ്​ഥാനങ്ങളിൽനിന്നാണ്​. ഉത്തർ പ്രദേശ്​, ബിഹാർ, മഹാരാഷ്​ട്ര.  ഇൗ മൂന്നു സംസ്​ഥാനങ്ങളിൽ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നിന്നാൽ മോദിക്ക്​ ജയിക്കാനാവില്ല.

രാഹുൽ ഗാന്ധി തന്നെ ഫോണിൽ വിളി​ച്ചില്ലെന്ന കാരണത്താൽ രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽനിന്ന്​ വിട്ടുനിന്ന അരവിന്ദ്​ കെജ്​രിവാളിനെ അരുൺ ഷൂരി കളിയാക്കി. കളി പറഞ്ഞിരിക്കേണ്ട നേരമല്ലിതെന്ന്​ ഒാർമ വേണമെന്ന്​ അദ്ദേഹം ഉണർത്തി.

*മോദി പരാജയപ്പെട്ടാലും പകരം വരുന്നത്​ അഴിമതിക്കാരായ പഴയ നേതാക്കന്മാർ തന്നെ ആയിരിക്കില്ലേ എന്ന സദസ്സി​​​​ന്റെ ചോദ്യത്തെ ‘‘നിങ്ങൾ പുറപ്പെട്ട കപ്പലി​​​​ന്റെ വഴിയിൽ കൊടുങ്കാറ്റടിച്ചാൽ, പുറപ്പെട്ട അതേ തീരത്തേക്കു തന്നെ മടങ്ങാൻ നിങ്ങൾ കപ്പിത്താ​നോട്​ പറയില്ലേ? എന്ന പഴയൊരു ഉർദു കവിതാ ശകലം ഉദ്ധരിച്ചാണ്​ ഷൂറി നേരിട്ടത്​.

ജിഗ്​നേഷ്​ മേവാനി, കനയ്യ കുമാർ, അൽപേഷ്​ താക്കൂർ, ഹർദിക്​ പ​േട്ടൽ തുടങ്ങിയവരൊക്കെ ഭാവി നേതാക്കന്മാരാണെന്ന്​ ഷൂറി ചൂണ്ടിക്കാട്ടി.

താരത​മ്യേന അഴിമതി രഹിതമാണ്​ മോദി സർക്കാർ എന്നൊരു ധാരണയുണ്ടല്ലോ എന്ന ഥാപ്പറുടെ ചോദ്യത്തിന്​ റഫേൽ വിമാന ഇടപാട്​ സൂക്ഷിച്ചു നോക്കാനായിരുന്നു ഷൂറിയുടെ മറുപടി. ഇന്ത്യൻ മാധ്യമങ്ങളുടെ പരാജയമാണ്​ റഫേൽ ഇടപാടിലെ പിന്നാമ്പുറ കഥകൾ പുറത്തുവരാത്തത്​. അഴിമതി എന്നാൽ വെറും പണത്തി​​​​ന്റെ ഇടപാട്​ മാത്രമല്ല, നീതിന്യായത്തിലും ചരിത്രത്തിലും സമൂഹത്തിലും ആശയങ്ങളിലുമൊക്കെ നടത്തുന്ന അഴിമതികളുണ്ടെന്നും അതൊന്നും കാണാതെ പോവുകയാണെന്നും ഷൂറി പറഞ്ഞു.

അമിത്​ ഷായ്​ക്കും മോദിക്കും മുന്നിൽ നിന്ന്​ സംസാരിക്കാൻ പോലും ബി.ജെ.പി നേതാക്കന്മാർക്ക്​ ഭയമാണെന്നും ഷൂറി കൂട്ടിച്ചേർത്തു. യഥാർത്ഥ പ്രശ്​നങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ്​ ആക്​ടിവിസ്​റ്റുക​​ളെ അറസ്​റ്റ്​ ചെയ്​തത്​. 2002- 2014 കാലത്ത്​ ഗുജറാത്തിൽ ചെയ്​തതും ഇതുതന്നെയായിരുന്നു. മോദിയെ കൊല്ലാൻ വരുന്നുവെന്ന പേരിൽ നിരവധി പേരെയാണ്​ ജയിലിലാക്കിയത്​. തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ട്​ മോദിയും അമിത്​ ഷായും കളിക്കുന്ന നാടകമാ​ണിതെന്നും അരുൺ ഷൂറി എടുത്തു പറഞ്ഞു.

(കടപ്പാട്​: ദ വയർ )