Breaking News

Trending right now:
Description
 
Jul 11, 2018

ഇല്ലാത്ത സ്ഥാപനത്തിനു കേന്ദ്രസര്‍ക്കാരിന്റെ ശ്രേഷ്‌ഠപദവി

image റിലയന്‍സ്‌ ഗ്രൂപ്പിന്റെ തുടങ്ങാത്ത ജിയോ ഇന്‍സ്‌റ്റിറ്റിയൂട്ടിന്‌ ശ്രേഷ്‌ഠ പദവി നല്‍കി കേന്ദ്രസര്‍ക്കാര്‍ വെട്ടിലായി. സംഭവം വിവാദമായതോടെ നിബന്ധനകള്‍ക്കു വിധേയമായാണ്‌ റിലയന്‍സിന്റെ സ്ഥാപനത്തിന്‌ അംഗീകാരം നല്‍കിയതെന്നു കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. യുജിസി നിയമപ്രകാരം ഇതു ചട്ടവിരുദ്ധമല്ലെന്നാണ്‌ മന്ത്രാലയത്തിന്റെ അവകാശവാദം. ജിയോ ഇന്‍സ്‌റ്റിറ്റിയൂട്ടിന്‌ നല്‍കിയിരിക്കുന്നത്‌ ശ്രേഷ്‌ഠ പദവിക്കുള്ള ശുപാര്‍ശയാണ്‌. മൂന്നുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ മാത്രമേ പദവി ലഭിക്കുകയുള്ളൂവെന്നു കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ആര്‍.സുബ്രഹ്മണ്യം ന്യായികരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെയും രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളുടെയും അപേക്ഷകള്‍തള്ളിയാണ്‌ ജിയോ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ അടക്കമുള്ള ആറു സ്ഥാപനങ്ങള്‍ക്ക്‌ ശ്രേഷ്‌ഠപദവി നല്‍കിയത്‌. ശ്രേഷ്‌ഠപദവി ലഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നിനും മാനവവിഭവശേഷി മന്ത്രാലയത്തില്‍നിന്ന്‌ അഞ്ചുവര്‍ഷം കൊണ്ട്‌ 1000 കോടി രൂപയുടെ ഗ്രാന്റ്‌ ലഭിക്കും. സംഭവത്തില്‍ കോണ്‍ഗ്രസും മറ്റു കക്ഷികളും നടപടിയെ വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനെതിരെ വ്യാപക പരിഹാസമാണ്‌ ഉയര്‍ന്നത്‌.