Breaking News

Trending right now:
Description
 
Apr 21, 2018

കസ്‌റ്റഡിമരണം: എസ്‌ഐയുടെ അറസ്‌റ്റ്‌ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന്‌ ഐജി

image വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ അന്വേഷണം നടത്തി തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ വരാപ്പുഴ എസ്‌ഐ ജി.എസ്‌.ദീപക്കിനെ അറസ്റ്റു ചെയ്‌തതെന്ന്‌ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍ ഐജി എസ്‌.ശ്രീജിത്ത്‌ വ്യക്തമാക്കി. മെഡിക്കല്‍ബോര്‍ഡുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്‌ അറസ്‌റ്റ്‌. എസ്‌ഐ ദീപക്കിനു പുറമേ മറ്റുപ്രതികളുണ്ടോ എന്നു അന്വേഷണം പൂര്‍ത്തിയാകുംമുമ്പ്‌ വ്യക്തമാകുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട്‌ സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്ന ദീപക്കിനെ ആലുവ പൊലീസ്‌ ക്ലബില്‍ വിശദമായ ചോദ്യംചെയ്യലിനുശേഷമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കൊലക്കുറ്റത്തിനാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. അന്യായമായി തടങ്കലില്‍വച്ചു മര്‍ദിച്ചു തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്‌. കേസില്‍ ആദ്യം അറസ്റ്റിലായ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായ മൂന്നു പൊലീസുകാര്‍ വീടാക്രമണക്കേസുമായി ബന്ധപ്പെട്ട്‌ കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ കൈമാറിയത്‌ വരാപ്പുഴ എസ്‌ഐ ദീപക്കിനാണ്‌. സംഭവദിവസം എസ്‌ഐ അവധിയിലായിരുന്നുവെങ്കിലും ഉന്നത ഇടപെടലില്‍ സ്റ്റേഷനില്‍ എത്തുകയായിരുന്നു.