Feb 14, 2018
പഞ്ചാബ് നാഷണല്ബാങ്കിന്റെ മുംബൈയിലെ ശാഖയില്‍ വന്‍ തട്ടിപ്പ്
പഞ്ചാബ് നാഷണല്ബാങ്കിന്റെ (പിഎന്‍ബി) മുംബൈയിലെ ബ്രാഞ്ചില്‍
11,351,89,50,000 രൂപയുടെ (1.77 ബില്യണ്‍ ഡോളര്‍) തട്ടിപ്പ് കണ്ടെത്തി.
ബുധനാഴ്ചയാണ് ബാങ്ക് ഇക്കാര്യം പുറത്തുവിട്ടത്. രാജ്യത്ത് സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള രണ്ടാമത്തെ വലിയ ബാങ്കാണിത്. ആസ്തിയുടെ കാര്യത്തില്‍
നാലാംസ്ഥാനത്തുമാണ്. ക്രമക്കേടിനു പിന്നിലുള്ള ആളുകളെക്കുറിച്ച്
പിഎന്‍ബി സൂചനകളൊന്നും പുറത്തുവിട്ടില്ല. എന്നാല്‍ ഇതുസംബന്ധിച്ച്
കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചില അക്കൗണ്ട് ഉടമകള്‍ അവരുടെ
സൗകര്യാര്‍ഥം നടത്തിയ ഇടപാടാണ് ക്രമക്കേടിനു പിന്നില്‍. ഈ ഇടപാടുകളുടെ
അടിസ്ഥാനത്തില്‍ മറ്റുചില ബാങ്കുകള്‍ വിദേശത്തുള്ള ഈ ഉപഭോക്താക്കള്‍ക്ക്
പണം നല്‍കിയിട്ടുണ്ടെന്നും പിഎന്‍ബി വ്യക്തമാക്കി. അസാധാരണ
സ്വഭാവമുള്ളതാണ് ഈ ഇടപാടുകള്‍. ക്രമക്കേടിന് കാരണമായ ഇടപാടുകള്‍ക്ക്
പിഎന്‍ബി കൂട്ടുനിന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സിബിഐയുടെ അന്വേഷണം
നേരിടുന്ന ആഭരണവ്യാപാരിയും മറ്റുചിലരും പഞ്ചാബ് നാഷണല്‍ ബാങ്കുമായി
ചേര്‍ന്ന് 44 മില്യണ്‍ ഡോളര്‍ തട്ടിപ്പ് നടത്തിയതായികണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടതാണോ പുതിയ തപ്പുവാര്ത്തയെന്നു വ്യക്തമല്ല. തട്ടിപ്പ്
വാര്‍ത്ത പുറത്തുവന്നതോടെ പിഎന്‍ബിയുടെ ഓഹരി മൂല്യത്തില്‍ 4.1ശതമാനം
ഇടിവുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.