Breaking News

Trending right now:
Description
 
Jan 12, 2018

സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞു: ജഡ്‌ജിമാര്‍

image സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്നു പരസ്യമായി പ്രഖ്യാപിച്ച്‌ ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌മിശ്രയ്‌ക്കെതിരെയുള്ള അതൃപ്‌തി വ്യക്തമാക്കി സുപ്രീംകോടതിയിലെ നാലു ജഡ്‌ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി. നീതിന്യായ വ്യവസ്ഥതിയിലെ അത്യപൂര്‍വമായ സംഭവമാണ്‌ രാജ്യതലസ്ഥാനത്ത്‌ അരങ്ങേറിയത്‌. മുതിര്‍ന്ന ജഡ്‌ജിമാരായ രഞ്‌ജന്‍ ഗോഗോയ്‌, കുര്യന്‍ ജോസഫ്‌, ജെ.ചലമേശ്വര്‍, മദന്‍ ബി.ലോകൂര്‍ എന്നവരാണ്‌ വാര്‍ത്താസമ്മേളനം നടത്തിയത്‌. കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യം തകരും. ഈ സാഹചര്യമാണ്‌ ഇപ്പോള്‍ നിലനില്‍ക്കുന്നത്‌. വിവിധ വിഷയങ്ങളിലുള്ള എതിര്‍പ്പ്‌ ചീഫ്‌ ജസ്റ്റീസിനെ പലഘട്ടങ്ങളില്‍ അറിയിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ക്കൊന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. 15-20 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തങ്ങള്‍ ഒന്നും മിണ്ടാതെയും ചെയ്യാതെയും കടന്നുപോയവരാണെന്നു പഴി കേള്‍ക്കേണ്ടിവരുമല്ലോ എന്നോര്‍ത്താണ്‌ ഇക്കാര്യങ്ങള്‍ പരസ്യമായി പറയുന്നത്‌. ഇക്കാരണംകൊണ്ടുതന്നെയാണ്‌ ജനങ്ങള്‍ക്കു മുമ്പില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തീരുമാനിച്ചതെന്നു ജഡ്‌ജിമാര്‍ വ്യക്തമാക്കി.

ഏഴുപേജുള്ള കത്താണ്‌ ജഡ്‌ജിമാര്‍ മാധ്യമങ്ങള്‍ക്കു നല്‍കിയത്‌. ജസ്റ്റീസ്‌ ലോയുടെ മരണം മാത്രമല്ല, മെഡിക്കല്‍കോഴ വിവാദവുമായി ബന്ധപ്പെട്ട്‌ ജസ്റ്റീസ്‌ ചലമേശ്വറിന്റെ ബെഞ്ചിന്റെ ഉത്തരവ്‌ റദ്ദാക്കിയ ചീഫ്‌ ജസ്റ്റീസിന്റെ നടപടിയും കത്തില്‍ പറയുന്നുണ്ട്‌. ചീഫ്‌ ജസ്റ്റീസ്‌ ആണ്‌ പരമാധികാരി എന്ന കാഴ്‌ചപ്പാട്‌ ശരിയല്ലെന്നും ജഡ്‌ജിമാര്‍ പറയുന്നു. ചീഫ്‌ ജസ്റ്റീസിനെ ഇംപീച്ച്‌ ചെയ്യണോ എന്നകാര്യം രാജ്യമാണ്‌ തീരുമാനിക്കേണ്ടതെന്നു ജസ്‌റ്റീസ്‌ ചലമേശ്വര്‍ ചോദ്യത്തിനു മറുപടി നല്‍കി. 2014-ല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജസ്‌റ്റീസ്‌ ബി.എച്ച്‌.ലോലയുടെ മരണവുമായി ബന്ധപ്പെട്ട കേസാണ്‌ ചീഫ്‌ ജസ്റ്റീസുമായുള്ള തര്‍ക്കത്തിലെത്തി നില്‍ക്കുന്നത്‌. ചീഫ്‌ ജസ്റ്റീസ്‌ ഇടപെട്ട്‌ കേസ്‌ മുതിര്‍ന്ന ജഡ്‌ജിമാരുടെ ബെഞ്ചില്‍നിന്നു മാറ്റി ജൂനിയര്‍ ജഡ്‌ജിക്കു നല്‍കിയിരുന്നു. ഇതിനെതിരെ വെള്ളിയാഴ്‌ച രാവിലെതന്നെ ജഡ്‌ജിമാര്‍ ചീഫ്‌ ജസ്റ്റീസിനെ സന്ദര്‍ശിച്ച്‌ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്നാണ്‌ പത്രസമ്മേളനം നടന്നത്‌.