Breaking News

Trending right now:
Description
 
Jan 12, 2018

ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിനു തുടക്കമായി

image പ്രവാസി മലയാളികള്‍ അംഗങ്ങളായുള്ള ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിനു തുടക്കമായി. വെള്ളി, ശനി ദിവസങ്ങളില്‍ നിയമസഭാ മന്ദിരത്തിലാണ്‌ സമ്മേളനം. നിയമസഭാ ലോഞ്ചിലെ ഉദ്‌ഘാടന സമ്മേളനത്തില്‍ സഭയുടെ സെക്രട്ടറി ജനറല്‍കൂടിയായ ചീഫ്‌ സെക്രട്ടറി പോള്‍ ആന്റണി സഭ രൂപീകരിച്ചതായി പ്രഖ്യാപിച്ചു. തുടര്‍ന്ന്‌ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തു. സഭാ നടത്തിപ്പു സംബന്ധിച്ച സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്റെ പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു കരടുരേഖ അവതരിപ്പിച്ചു. ഉച്ചകഴിഞ്ഞ്‌ അഞ്ചുവേദികളിലായി പശ്ചിമേഷ്യ, ഇതര ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും മറ്റു ലോകരാജ്യങ്ങള്‍, ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍ എന്നിങ്ങനെ മേഖലതിരിച്ചുള്ള സമ്മേളനങ്ങളാണ്‌ നടക്കുന്നത്‌. ലോക കേരളസഭയുടെ നടത്തിപ്പിനായി അഞ്ചുകോടി രൂപയോളം സര്‍ക്കാര്‍ അനുവദിച്ചു.

പ്രവാസികളുടെ അനുഭവപരിചയം, വൈദഗ്‌ധ്യം എന്നിവ സംസ്ഥാന വികസനത്തിന്‌ ഏതുരീതിയില്‍ വിനിയോഗിക്കാം എന്നിതിനും രണ്ടുദിവസങ്ങിലായി നടക്കുന്ന ലോക കേരളസഭ കൂടുതല്‍ പരിഗണന നല്‍കും. പ്രവാസികളില്‍ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍, വാണിജ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദേശ സര്‍വകലാശാലകളില്‍ ഗവേഷണപ്രവര്‍ത്തനം നടത്തുന്നവര്‍, വിദഗ്‌ധ ഡോക്ടര്‍മാര്‍, നഴ്‌സിങ്‌, സാങ്കേതിക വിദഗ്‌ധര്‍, മാനേജ്‌മെന്റ്‌ മേഖലയിലും കണ്‍സള്‍ട്ടന്‍സി മേഖലയിലും അടിസ്ഥാനസൗകര്യമേഖലയിലും നിര്‍മാണരംഗത്തും വ്യക്തിമുദ്രപതിപ്പിച്ചവര്‍ തുടങ്ങിയവരുടെ അറിവും അനുഭവപരിചയവും ഫലപ്രദമായി കേരളത്തില്‍ എങ്ങനെ വിനിയോഗിക്കാം എന്നതുള്‍പ്പെടെ സമ്മേളനം ചര്‍ച്ചചെയ്യും. ഐടി, ടൂറിസം മേഖലകളിലും ഇലക്ട്രോണിക്‌സ്‌ തുടങ്ങിയ ആധുനിക വ്യവസായമേഖലകളില്‍ അഞ്ചുവര്‍ഷംകൊണ്ട്‌ 10 ലക്ഷവും കൃഷി, കെട്ടിടനിര്‍മാണം, വാണിജ്യം, ചെറുകിടവ്യവസായം തുടങ്ങിയ മേഖലകളിലായി 10 ലക്ഷവും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ആധുനിക തുറകളിലെ ജോലിക്ക്‌ 10 ലക്ഷംപേര്‍ക്ക്‌ സ്‌കില്‍ ഡെവലപ്‌മെന്റ്‌ കരിയര്‍ ഗൈഡന്‍സ്‌ വഴി പരിശീലനം നല്‍കാനും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഐടിപാര്‍്‌ക്കുകളുടെ വികാസനത്തിനും സര്‍ക്കാര്‍ ലക്ഷ്യംവയ്‌ക്കുന്നുണ്ട്‌. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കി ആരംഗത്ത്‌ നാലുലക്ഷംപേര്‍ക്ക്‌ തൊഴില്‍നല്‍കാനും പരിപാടിയുണ്ട്‌.