Breaking News

Trending right now:
Description
 
Nov 15, 2017

അവസാനം ചാണ്ടി മുട്ടുമടക്കി; രാജിസന്നദ്ധത പ്രകടിപ്പിച്ചു

image കായല്‍ഭൂമി കയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതി നിന്നു രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്ന ഗതാഗതമന്ത്രി തോമസ്‌ ചാണ്ടി ഒടുവില്‍ മുട്ടുമടക്കി. ഗത്യന്തരമില്ലാതെ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചു. തത്‌ക്കാലത്തേക്ക്‌ മന്ത്രിസഭയില്‍നിന്നു മാറിനില്‍ക്കാമെന്നു തോമസ്‌ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുമെന്നാണ്‌ ഒടുവില്‍കിട്ടിയ വിവരം. സിപിഎമ്മിലെ ഒരുവിഭാഗം മന്ത്രിമാരും ഘടകകക്ഷി അംഗങ്ങളും രാജിവേണമെന്ന നിലപാട്‌ ശക്തമാക്കിയിരുന്നു. സിപിഐയുടെ നാല്‌ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത്‌ തോമസ്‌ ചാണ്ടിക്കും അദ്ദേഹത്തെ പിന്തുണച്ച മുഖ്യമന്ത്രിക്കും കനത്ത തിരച്ചടിയാണ്‌ ഉണ്ടാക്കിയത്‌. കായല്‍ഭൂമി കയ്യേറ്റ വിഷയത്തില്‍ ഒരുമാസമായി സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്‌. തോമസ്‌ ചാണ്ടി വിചാരിച്ചാല്‍ ഒരുമിനിറ്റുകൊണ്ട്‌ പ്രശ്‌നം പരിഹരിക്കാനാകുമെന്നു മന്ത്രി ജി.സുധാകരന്‍ മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി. രാജിയല്ലാതെ മറ്റുമാര്‍ഗമില്ലെന്നും അദ്ദേഹം ശക്തമായി ചൂണ്ടിക്കാട്ടി. മന്ത്രി മാത്യു ടി.തോമസും ഇതിനെ പിന്തുണച്ചു. മറ്റു കക്ഷികളിലെ മന്ത്രിമാരും ഈ നിലപാടിനോട്‌ യോജിച്ചതോടെ രാജിസന്നദ്ധത അറിയിക്കുകയല്ലാതെ മറ്റുമാര്‍ഗമെന്നും തോമസ്‌ ചാണ്ടിക്കില്ലായിരുന്നു.