Breaking News

Trending right now:
Description
 
Sep 18, 2016

ഉറുമ്പിക്കര: പ്രകൃതിദത്ത റോക്ക്‌ ഗാര്‍ഡന്‍

image
ഉറുമ്പിക്കര റോക്ക്‌ ഗാര്‍ഡന്‍
പ്രകൃതി ഒരുക്കി സൂക്ഷിച്ചിരിക്കുന്ന റോക്ക്‌ ഗാര്‍ഡനാണ്‌ ഉറുമ്പിക്കര. പാറക്കെട്ടുകളുടെ വന്യതയും ശക്തിയും വിളിച്ചോതുന്ന അപൂര്‍വ ചാരുതയ്‌ക്കാണ്‌ ഉറുമ്പിക്കര സാക്ഷ്യം വഹിക്കുന്നത്‌. ആകാശത്തു നിന്നു വെള്ള പുതപ്പുമായി മലകളെ പുതപ്പിച്ചുറക്കുന്ന വശ്യസൗന്ദര്യം ഒരുവശത്ത്‌. ഓടിച്ചാടി കേറിയിറങ്ങി നടക്കാവുന്ന ചെറിയ പാറക്കെട്ടുകള്‍ മറുവശത്ത്‌. മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപസാദൃശ്യം തോന്നുന്ന പാറക്കൂട്ടങ്ങള്‍. ഇളം തെന്നലായും തഴുകിയും വന്യതയോടെ മുരണ്ടും വീശുന്ന കാറ്റ്‌. കളകളാരവത്തോടെ ഒഴുകുന്ന പാപ്പനിത്തോട്‌. ഈ വശ്യമനോഹാരിത ആസ്വദിക്കുവാന്‍ കിലോമീറ്ററുകളോളം മൊട്ടക്കുന്നുകളിലൂടയുള്ള ട്രക്കിംഗ്‌. ഉറുമ്പിക്കര സഞ്ചാരികള്‍ക്ക്‌ മുമ്പില്‍ വ്യത്യസ്‌തയാവുകയാണ്‌. ഉറുമ്പിക്കരയിലേയ്‌ക്കുള്ള യാത്രയിലെ മൊട്ടക്കുന്നുകളിലെ കുറ്റിക്കാടുകളില്‍ പക്ഷികളെയോ തുമ്പികളെയോ കണ്ടില്ല. സാധാരണ ഇവിടെ പക്ഷികള്‍ ഉണ്ടാവില്ലെന്ന്‌ വഴി കാണിക്കുവാന്‍ വന്ന സുഹൃത്ത്‌ പറഞ്ഞു. ശക്തമായ കാറ്റാണ്‌ പക്ഷികളെ ഇവിടെ നിന്ന്‌ അകറ്റി നിറുത്തുന്നത്‌.

ഉറുമ്പിക്കര

ഇടുക്കി ജില്ലയുടെ കിഴക്കു ഭാഗത്തായി കുട്ടിക്കാനത്തിനും വാഗമണിനും മധ്യേ സ്ഥിതി ചെയ്യുന്ന ഉറുമ്പിക്കര കൊക്കയാര്‍ പഞ്ചായത്തിലാണ്‌. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ്‌ ഈ പ്രദേശം. കേരളത്തില്‍ ആദ്യമായി റബര്‍ കൃഷി ആരംഭിച്ചത്‌ ഈ പ്രദേശത്താണ്‌. ജോണ്‍ ജോസഫ്‌ മോര്‍ഫി എന്ന ബ്രിട്ടീഷുകാരനാണ്‌ 1903യില്‍ ഈ പ്രദ്ദേശത്തിന്റെ മനോഹാരിതയില്‍ ആകൃഷ്ടനായി ഇവിടെ കൃഷി ആരംഭിക്കുന്നത്‌. ഇവിടുത്തെ പ്രകൃതിയുടെ വശ്യസൗന്ദര്യത്തില്‍ മനം മയങ്ങി അദ്ദേങം ഇവിടെ ഒരു ബംഗ്ലാവും പണി തീര്‍ത്തിരുന്നു. ഇന്ന്‌ ആ ബ്‌ംഗ്ലാവ്‌ സ്വകാര്യ റിസോര്‍ട്ടാണ്‌. കരിമ്പാറക്കൂട്ടങ്ങളുടെ സൗന്ദര്യമാണ്‌ ഈ മലയുടെ പ്രധാന ആകര്‍ഷണം. കേറിയിറങ്ങി നടക്കാന്‍ സാധ്ക്കുന്ന പാറക്കുന്നുകള്‍ പല ആകൃതിയിലും രൂപത്തിലും നമ്മെ അതിശയിപ്പിക്കുന്നു. ഒരു റോക്ക്‌ ഗാര്‍ഡന്‍ എന്നു തന്നെ ഈ മലയെ വിശേഷിപ്പിക്കാം. ഇരുമലച്ചി എന്ന ദേവി ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. മുണ്ടക്കയം, പീരുമേട്‌, തുടങ്ങിയ പ്രദേശങ്ങളുടെ ദൃശ്യചാരുത ഈ പ്രദ്ദേശത്തിന്റെ വശ്യത വര്‍ധിപ്പിക്കുന്നു.

റോഡ്‌
മുണ്ടക്കയത്തു നിന്നും കൂട്ടിക്കല്‍- വെബ്ലി വടക്കേമല വഴി 20 കി. മീറ്റര്‍ സഞ്ചരിച്ചാല്‍ ഉറുമ്പിക്കരയില്‍ എത്താം. പീരുമേട്‌ പഞ്ചായത്തിലെ കുട്ടിക്കാനം ആഷ്‌ലി എസ്റ്റേറ്റില്‍ നിന്നും 7 കി.മീറ്റര്‍ അകലെയാണ്‌ ഉറുമ്പിക്കര. ഏലപ്പാറ- മേമല- ഉപ്പുകുളം വഴി 13 കി.മീ സഞ്ചരിച്ചാലും ഉറുമ്പിക്കരയില്‍ എത്താം. കൂട്ടിക്കല്‍- വെബ്ലി വടക്കേമല റൂട്ടിലെ എട്ട്‌ കിലോ മീറ്റര്‍ ദൂരം ദുര്‍ഘടമായ പാതയാണ്‌. ഇളങ്കാട്‌- മുക്കുളം - മാദാമക്കുളം വെമ്പാല -ഏലപ്പാറ റോഡിന്‌ സര്‍ക്കാര്‍ ഈ ബജറ്റില്‍ 15 കോടി വകയിരുത്തിയിട്ടുണ്ട്‌. ഈ റോഡ്‌ യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ പ്രദ്ദേശം സഞ്ചാരികള്‍ക്ക്‌ഏറെ പ്രീയപ്പെട്ട ഇടമാകും

ഇരട്ടപ്പാറ

ഉറുമ്പിക്കരയിലെ ഏറ്റവും പ്രധാന ആകര്‍ഷണം ഇരട്ടപ്പാറയാണ്‌. ഏറെ സാഹസികമായി സഞ്ചാരികള്‍ ഈ പാറയില്‍ കയറാറുണ്ട്‌. വനവാസക്കാലത്ത്‌ പാണ്ഡവന്‍മാര്‍ ഈ പ്രദേശത്ത്‌ എത്തിയിരുന്നതായി ഐതിഹ്യമുണ്ട്‌. പാറക്കെട്ടുകള്‍ക്കിടയില്‍ ചെറിയ ഗുഹകള്‍ ഈ പ്രദേശത്ത്‌ കാണാം. ഒരു മനുഷ്യന്‍ കമന്നു കിടക്കുന്ന രീതിയിലുള്ള വന്‍ പാറക്കെട്ടാണ്‌ ഈ സ്ഥലത്തെ പ്രധാന ആകര്‍ഷണം. മൂന്നു കല്ലുകള്‍ ചേര്‍ന്നു മറ്റൊരു പാറക്കെട്ടും കാണാം. 

റോപ്പ്‌ വേ
വാഗമണില്‍ നിന്ന്‌ മുക്കളം ടോപ്പിലേയ്‌ക്കും അവിടെ നിന്നു ഏന്തയാറ്റിലേയ്‌ക്കും റോപ്പ്‌ വേ യാഥാര്‍ത്ഥ്യമായാല്‍ കൂടുതല്‍ സഞ്ചാരികള്‍ ഇവിടെ എത്തും.
മേലോരം -പട്ടിക്കുന്ന്‌ - ഉറുമ്പിക്കര, ഉറുമ്പിക്കര - വെബ്ലി റോപ്പ്‌ വേ സഞ്ചാരികള്‍ക്ക്‌ വേറിട്ട അനുഭവമാകും. ഉറുമ്പിക്കര വെള്ളച്ചാട്ടത്തിന്‌ കുറുകെയാകും റോപ്പ്‌ വേ. ഏന്തയാര്‍-മുക്കുളം- വടക്കേമല- വെമ്പാലയെയും ബന്ധിപ്പിക്കുന്ന റോപ്പ്‌ വേയും ഏറെ ആകര്‍ഷകമാകും. ഉറുമ്പിക്കര വ്യത്യസ്‌തമായ യാത്രാനുഭവമാകും സഞ്ചാരികളെ കാത്തിരിക്കുക

മുക്കുളം ടോപ്പ്‌ ആയുര്‍വേദ ഔഷധതോട്ടം

മുക്കുളം ടോപ്പ്‌ ഈ നിയോജകമണ്ഡലത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്‌. ഔഷധ സസ്യങ്ങള്‍ക്കൊണ്ട്‌ സമ്പന്നമാണ്‌ ഈ പ്രദ്ദേശം. ഈ സസ്യസമ്പത്ത്‌ നിലനിര്‍ത്തി ഒരു ആയുര്‍വേദ ഔഷധത്തോട്ടത്തിന്‌ ഏറെ സാധ്യതയുള്ള പ്രദേശമാണിത്‌. സഞ്ചാരികള്‍ക്ക്‌ താമസിക്കാന്‍ പ്രകൃതിയ്‌ക്കനുയോജ്യമായ ചെറിയ ഹട്‌സുകളും താമസസൗകര്യങ്ങളും ഒരുക്കിയാല്‍ വിദേശികളും സ്വദേശികളും ഈ പ്രദേശത്തേയ്‌ക്ക്‌ എത്തും. 

മാദാമ്മക്കുളം 
മലമുകളിലെ ഒരിക്കലും വറ്റാത്ത ജലസ്രോതസാണ്‌ മാദാമ്മക്കുളം വെള്ളച്ചാട്ടം. വനത്താല്‍ ചുറ്റപ്പെട്ട ഈ കുളം ബ്രിട്ടീഷ്‌ പ്ലാന്ററുമാരുടെ കാലത്ത്‌ ഏറെ പ്രീയപ്പെട്ട ഇടമായിരുന്നു. ബ്രീട്ടീഷ്‌ പ്ലാന്ററുടെ ഭാര്യ ഈ കുളം എല്ലാദിവസവും സന്ദര്‍ശിക്കുകയും ഇവിടെ കുളിക്കുകയും ചെയ്‌തിരുന്നു. പ്രാദേശികവാസികള്‍ക്ക്‌ ഈ കുളം ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അതോടെ പ്രദേശികവാസികള്‍ ഈ കുളത്തിന്‌ മാദാമ്മക്കുളം എന്ന പേരിട്ടു. കുട്ടിക്കാനം ടൗണില്‍ നിന്നു ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. സ്വകാര്യ എസ്‌റ്റേറ്റിനുള്ളിലാണ്‌ ഈ കുളം. ഈ കുളത്തിനു മുകളിലായി രണ്ടു പാറകള്‍ ആകാശത്തിലേയ്‌ക്ക്‌ ഉയര്‍ന്നു നില്‍ക്കുന്ന കാഴ്‌ച അപൂര്‍വ ചാരുത നല്‍കുന്നതാണ്‌.