Breaking News

Trending right now:
Description
 
Oct 18, 2015

പാഠം ഒന്ന്‌ ഒരുവിലാപം

ജനറ്റ്‌ ബിനോയി
image വീണ്ടും ഒരു പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനു കൊടിയേറുമ്പോള്‍ എന്റെ മനസ്‌ നിറയെ മില്ലേനിയ (2000) ത്തിലെപഞ്ചായത്ത്‌ തിരഞ്ഞെടുപ്പാണ്‌. എഴുത്തിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അനുഭവങ്ങള്‍ക്കു വേണ്ടിയാണ്‌ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന്‌ എവിടെയോ വായിച്ചതോര്‍ക്കുന്നു. ഈയുള്ളവള്‍ അങ്ങനെയൊന്നും നിരൂപിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പ്‌ പ്രചരണം അനുഭവം സമ്പൂര്‍ണ്ണമായിരുന്നുവെന്നു പറയാതെ വയ്യ.

അനീഷിന്റെ കുളി കുഞ്ഞിക്കൂനന്റെ കുളിപ്പോലെ ഇത്തിരി ദീര്‍ഘിച്ചു പോയതു കൊണ്ട്‌ പാര്‍ട്ടി മാറി സ്ഥാനാര്‍ത്ഥിയായ കഥ ഞാന്‍ മുമ്പേ പറഞ്ഞുവെച്ചല്ലോ? ഇനി തിരഞ്ഞെടുപ്പ്‌ പ്രചരണത്തിലേയ്‌ക്ക്‌ കടക്കാം. ഏഴു വാര്‍ഡുള്ള ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനിലേയ്‌ക്കാണ്‌ മത്സരം. വാര്‍ഡ്‌ സ്ഥാനാര്‍ത്ഥികള്‍ പലവട്ടം വീടുകള്‍ കയറിയിറങ്ങി. അവസാനം ബ്ലോക്ക്‌ സ്ഥാനാര്‍ത്ഥിക്കൊപ്പം കയറാന്‍ കാത്തിരിക്കുകയാണ്‌. അന്നത്തെ ഒന്‍പതാം വാര്‍ഡായ ചെത്തിയില്‍ എത്തി പ്രചരണ സംഘം. ചെത്തിയുടെ പ്രകൃതി സൗന്ദര്യ അന്നും ഇന്നും എന്നെ ഒരേപ്പോലെ മോഹിപ്പിച്ചിരുന്നു. ചെത്തി പൊഴിയും പൊഴിചേരുന്ന കടലുമെല്ലാം. കുഞ്ഞുനാളില്‍ മുയലിനെ തീറ്റിക്കാന്‍ അടമ്പ( കടപ്പുറത്ത്‌ വളരുന്ന ഒരിനം ചെടി) പറിക്കാന്‍ പോയപ്പോള്‍ ഉണ്ടായിരുന്ന സ്വാതന്ത്യത്തോടെ പിന്നെ ചെത്തി കാണുന്നതപ്പോഴാണ്‌. 
എന്താ, ഇവിടെ പരിപാടി എന്ന്‌ ആരും ചോദിക്കില്ല. 
ചെത്തിയില്‍ വച്ച്‌ എന്നെ കണ്ടിരുന്നുവെന്നു ആരും വീട്ടില്‍ പറഞ്ഞുകൊടുത്തു എനിക്കിട്ട്‌ പാരയും വെക്കില്ല

സ്ഥാനാര്‍ത്ഥി സാറാമ്മ ഓരോ വീട്ടിലും കയറിയിറങ്ങി. ഉദയസൂര്യനാണ്‌ ചിഹ്നം എല്ലാവരും വോട്ടുചെയ്‌തു വിജയിപ്പിക്കണം എന്നെല്ലാം പറഞ്ഞു വിനയാന്വിതതയായി.
മറ്റു വാര്‍ഡുകളിലൊക്കെ പോയപ്പോള്‍ കണ്ടതു പോലെ ചെറുപ്പക്കാരിയായ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥാനാര്‍ത്ഥിയെ കാത്തിരിക്കുകയായിരുന്നു എന്ന ഭാവമൊന്നും ആരുടെയും മുഖത്തില്ല. അടുത്തടുത്ത്‌ വീടുകളുള്ള കാറ്റാടി കടപ്പുറത്തെ ഓരോരോ വീടുകള്‍ കയറിയിറങ്ങുമ്പോള്‍ എന്റെ മനസ്‌ അസ്വസ്‌തപ്പെടുന്നു. 
കെ എസ്‌ യുക്കാരും എസ്‌ എഫ്‌ ഐക്കാരും ചോദിച്ചാലും എന്റെ വോട്ട്‌ ഉറപ്പായിട്ടും ചേട്ടാ ചേട്ടനു തന്നെ , ചേട്ടന്‍ ജയിച്ചില്ലെങ്കില്‍ എം ജി യൂണിവേഴ്‌സിറ്റി പ്രീയദര്‍ശിനി ഹില്‍സ്‌ കാമ്പസിന്‌ അതൊരു തീരനഷ്ടമല്ലേ എന്നെല്ലാം പറഞ്ഞിട്ട്‌ കഴിയുമെങ്കില്‍ യൂണിയന്‍ തിരഞ്ഞെടുപ്പിന്റെയന്ന്‌ വീട്ടിലിരുന്ന്‌ വിശ്രമിക്കുമായിരുന്ന സ്ഥാനാര്‍ത്ഥിയുടെ പൂര്‍വകാലം എന്റെ മനസില്‍ തെളിഞ്ഞു നിന്നു.
എന്റെ വോട്ട്‌ മോള്‍ക്ക്‌ തന്നെയെന്നു ആരും പറയുന്നില്ല. എന്തോ ഒരു വശപിശക്‌. കുറെ വീടുകളിലെ സമാന അനുഭവം കഴിഞ്ഞ്‌ അടുത്ത വീടിന്റെ മതില്‍ കടന്നതും അകത്തും നിന്നും ഇറങ്ങി വന്ന കഴുത്തില്‍ കൊന്തയിട്ട ചേട്ടന്‍ കണ്ണില്‍ ചോരയില്ലാതെ എന്റെ മുഖത്തു നോക്കി പറഞ്ഞു. 
"കൊച്ചേ. ഉള്ളതു പറയാമെല്ലോ... കൊച്ചിന്‌ ഞങ്ങളാരും വോട്ടു ചെയ്യില്ല, വെറുതേ ഇതുവഴി നടന്ന്‌ കാലു കഴയ്‌ക്കേണ്ട 
ഇത്തവണ സിപിഐ സ്വതന്ത്രയുടെ പിടിവിട്ടു. കൊയ്‌ത്തരിവാളിന്റെ മൂര്‍ച്ച പോയി. സ്ഥാനാര്‍ത്ഥി സാറാമ്മ പൊട്ടി പൊട്ടി കരഞ്ഞു . ഇനി ഞാന്‍ വോട്ടു ചോദിക്കാന്‍ വരുന്നില്ല. സ്ഥാനാര്‍ത്ഥിയുടെ കൂടെ നടന്ന പ്രജകള്‍( അതൊരു ഓണക്കാലമായതു കൊണ്ട്‌ ഒരോളത്തിന്‌ പ്രജകള്‍ എന്നു പറഞ്ഞതാണ്‌ ) ചുറ്റും കൂടി. സാന്ത്വനവാക്കുകള്‍ക്കൊണ്ട്‌ മൂടി. ഈ പ്രദ്ദേശത്തുള്ളവര്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ അടുത്ത ബന്ധുക്കളാണ്‌. വോട്ട്‌ കിട്ടില്ലെന്നു ഉറപ്പാണ്‌ പിന്നെ വീടുകള്‍ ഒഴിവാക്കാതിരിക്കാന്‍ കയറിയെന്നേയുള്ളു. 
അങ്ങനെ, ഞാന്‍ കണ്ണീരൊഴുക്കലും മൂക്കുപിഴിച്ചിലും അവസാനിപ്പിച്ച്‌ നാലുകാലില്‍ വീണ പൂച്ചയെപ്പോലെ പിടഞ്ഞെണീറ്റു മനസില്‍ വിളിച്ചു പറഞ്ഞു. ഈ ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ....
അപ്പോഴും കാറ്റാടി കടപ്പുറത്തിന്റെ സൗന്ദര്യം എന്നെ മോഹിപ്പിച്ചുക്കൊണ്ടിരുന്നു.